പ്രായമായവരെയും രോഗികളെയും പരിപാലിക്കുന്ന കെയർ വർക്കർ യു.കെയിലെ ആകർഷകമായ ഒരു തൊഴിൽമേഖലയാണ്. അതിനാൽ ഈ രംഗത്ത് തട്ടിപ്പും ധാരാളം. ഈ മേഖലയെപ്പറ്റി യാതൊരു അറിവുമില്ലാതെ എത്തുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നവരിലേറെയും.

 യു.കെയിലെ ആരോഗ്യരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വാട്ട്ഫോർഡ് ജനറൽ ഹോസ്‌പിറ്റലിലെ രജിസ്ട്രേഡ് നഴ്സ് ആൻഡ് ഇൻസ്ട്രക്ടർ ഐശ്വര്യ കമല എഴുതുന്നു.

യു.കെയുടെ എൻ.എച്ച്.എസ് ഡയറക്ട് റിക്രൂട്ട്മെന്റ്പോലെ സുതാര്യമായ ഒന്നല്ല കെയർ വർക്കർ വിസ മേഖല. നിരവധി തട്ടിപ്പുകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. കേരളത്തിൽനിന്നുള്ള നിരവധിപേർ ഭീമമായ തുക നൽകി കെയർ വിസ തട്ടിപ്പിന് ഇരയായി ക്കൊണ്ടിരിക്കുന്നു. മാത്രമല്ല, എങ്ങനെയും യു.കെയിൽ കുടിയേറിപ്പാർക്കണം എന്ന ലക്ഷ്യത്തിൽ ഇവിടേക്ക് സ്റ്റുഡന്റ് വിസയിൽ വന്നെത്തുന്ന നിരവധി വിദ്യാർഥികളും കെയർഹോം തട്ടിപ്പുകൾക്ക് ഇരകളാകുന്നുണ്ട്.

ഫെബ്രുവരി 2022-ലെ കണക്കുകൾ ( 2020-21 3 2021-22 നുമിടയിൽ യുകെ സോഷ്യൽകെയർ മേഖലയിലെ തൊഴിൽസാധ്യത ഏഴ് ശതമാനത്തിൽനിന്ന് 10.7 ശതമാനത്തിലേക്ക് കുതിച്ചു. അതായത് 1,10,000 ഒഴിവുകളിൽനിന്ന് 1,65,000-ത്തിലേക്ക് ഒഴിവുകളുടെ സംഖ്യ ഉയരുന്നു. ഇത്രയും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ യു.കെ. കെയർ മേഖലയിൽ ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിനോടൊപ്പംതന്നെ തട്ടിപ്പുകളും വളരുന്നു. വമ്പൻ തുക അനധികൃതമായ ഫീസ് ഈടാക്കുന്ന, അക്ഷരാർഥത്തിൽ അടിമ കരാറുകൾക്ക് സമാനമായ തൊഴിൽവ്യവസ്ഥകൾ നടപ്പിലാക്കുന്ന ഭീമൻ റിക്രൂട്ട്മെന്റ്റ് സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്.

സാമ്പത്തികമായി നേരിടുന്ന ചൂഷണങ്ങൾ പ്രധാനമായും കണക്കിലെടുത്താൽ അതിൽ ഏറ്റവുംമുന്നിൽ നിൽക്കുന്നത് സി.ഒ.എസ്സിനായി (കമ്പനിയുടെ ഓഫർ ലെറ്റർ) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പതിനഞ്ച് മുതൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെയാണ് ജോലിക്കുവേണ്ട നിർബന്ധിത പരിശീലനങ്ങൾക്കും ഡി.ബി.എസ് ചെക്കിങ്ങിനുംവേണ്ടി അനധികൃതമായി റിക്രൂട്ട്മെന്റ് സംഘങ്ങൾ ഈടാക്കുന്നത്. യുകെയിലെ കെയർ ഹോമുകളിലെ സ്റ്റാഫിന് സൗജന്യമായി ലഭിക്കുന്ന ട്രെയിനിങ്ങുകളുടെ പേരിലാണ് ഈ വൻ തുക ഈടാക്കുന്നത്.

തൊഴിലില്ലാത്ത തൊഴിൽ വിസ

തൊഴിലിനായി കൊണ്ടു വന്നശേഷം കെയർ ഹോമിലെ തൊഴിലാളികളുടെയിടയിൽ തള്ളുകയല്ലാതെ, തൊഴിൽ നിലവിൽ ഉണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാത്ത തട്ടിപ്പ് സംഘങ്ങളുണ്ട്. ചിലർ കുടുംബവും കുട്ടികളുമായി ഇവിടെയെത്തി മൂന്നും നാലും മാസങ്ങളായിട്ടും ജോലിക്കുപ്രവേശിക്കാൻ കഴിയാതെ, ശമ്പളംലഭിക്കാതെ, വാടകവീടുകളിൽ വലിയ സാമ്പത്തിക ബാധ്യതയിൽ കഴിയുന്നുണ്ട്. യു.കെയിൽ വന്നതിനുശേഷം തങ്ങളുടെ തൊഴിൽ ദാതാവിൻ്റെ ലൈസൻസ് നഷ്ടപ്പെട്ടു എന്ന സത്യം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചയക്കുന്ന നിമിഷം കാത്തിരിക്കുന്നവർവരെയുണ്ട് എന്നതാണ് സത്യം. നാട്ടിൽ വീട് പണയംവെച്ചോ കടംവാങ്ങിയോ യുകെയിലേക്ക് പോരുന്നവരാകുമ്പോൾ എന്ത് ചൂഷണത്തിന് അകപ്പെട്ടാലും ഇവിടെ പിടിച്ചുനിൽക്കാൻ നോക്കും.

കെയർ ഹോമിൽ ജോലിക്ക് കയറിയശേഷവും മാനേജർമാരിൽനിന്നും മാനേജ്മെന്റിൽനിന്നും നിരന്തരം പിരിച്ചുവിടൽ ഭീഷണി നേരിട്ട് കൗൺസലിങ്ങിന് വിധേയരാകുന്ന നിരവധി ആളുകളുണ്ട്. തങ്ങൾക്ക് ട്രെയിനിങ് നൽകിയ മേഖലയിൽനിന്ന് തികച്ചും വിരുദ്ധമായ ഇടങ്ങളിൽ തൊഴിൽചെയ്യേണ്ടിവരുന്ന അവസ്ഥയും കുറവല്ല. വൃദ്ധരുടെ ശുശ്രൂഷയ്ക്കായി ഇവിടെ കൊണ്ടുവന്നശേഷം ഓട്ടിസം, മാനസികരോഗം എന്നിങ്ങനെയുള്ള സ്പെഷ്യാലിറ്റി കെയർ വേണ്ടയിടങ്ങളിൽ തൊഴിൽ ചെയ്യാൻ നിർബന്ധിക്കുന്ന അവസ്ഥ പലരും പുറത്തുപറയാൻ ഭയക്കുന്നു.

ശ്രദ്ധിക്കേണ്ടത് എന്ത്?

വളരെ അസംഘടിതമായ ഒരു തൊഴിൽമേഖലയാണ് കെയർവർക്കർ ഹെൽത്ത് ഫീൽഡ്. നിങ്ങൾക്ക് തൊഴിൽ നൽകുന്ന കമ്പനിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഒരു കാരണവശാലും പണം നൽകരുത്. ഒരു കെയറർ വിസ യു.കെക്കുള്ളിൽനിന്ന് പ്രോസസ്ചെയ്യാൻ വളരെ തുച്ഛമായ തുക മാത്രംമതി എന്നിരിക്കെ നിരവധി ഇടനിലക്കാരുടെ ഇടപെടൽകൊണ്ടാണ് ഭീമമായ സാമ്പത്തികബാധ്യതയുണ്ടാകുന്നത്.

. നിങ്ങൾക്ക് ജോലിനൽകുന്ന കമ്പനിയെപ്പറ്റിയുള്ള വിവരങ്ങൾ അറിയുവാൻ ഈ വെബ്സൈറ്റിൽ പരിശോധിക്കുക: Link

. നിങ്ങളുടെ കമ്പനിക്ക് സ്പോൺസർഷിപ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ ഈ വെബ്സൈറ്റിൽ പരിശോധിക്കുക: Link